നടി കവിയൂര്‍ പൊന്നമ്മ അന്തരിച്ചു; അന്ത്യം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍

മലയാള സിനിമയില്‍ അമ്മ വേഷങ്ങളില്‍ തിളങ്ങിയ താരം. ഗായികയായി നാടകങ്ങളില്‍ തുടക്കം, പിന്നീട് അഭിനേത്രിയായി സിനിമയിലേക്കെത്തി
കൊച്ചി: പ്രശസ്ത നടി കവിയൂര്‍ പൊന്നമ്മ അന്തരിച്ചു. 79 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ മെയ് മാസത്തില്‍ അര്‍ബുദം സ്ഥിരീകരിച്ചിരുന്നു. അപ്പോഴേക്കും രോഗം നാലാം ഘട്ടത്തിലേക്ക് കടന്നിരുന്നു. സെപ്തംബര്‍ മൂന്നിന് തുടര്‍ പരിശോധനകള്‍ക്കും ചികിത്സക്കുമായിട്ടാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് എറണാകുളം ലിസി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. ഇന്ന് വൈകിട്ടാണ് അന്ത്യം സംഭവിച്ചത്. മൃതദേഹം ഇന്ന് ആശുപത്രിയില്‍ സൂക്ഷിക്കും. നാളെ കളമശേരി മുന്‍സിപ്പല്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വെക്കുന്ന മൃതദേഹം ആലുവ കരുമാലൂരില്‍ സംസ്‌കരിക്കും.

അമ്മ വേഷങ്ങളിലൂടെ മലയാളികളുടെ മനസില്‍ ഇടം പിടിച്ച അഭിനേത്രിയായിരുന്നു. നാന്നൂറിലധികം സിനിമകളില്‍ അഭിനയിച്ചു. കെപിഎസി നാടകങ്ങളില്‍ അഭിനയിച്ചായിരുന്നു തുടക്കം. 1962 മുതല്‍ സിനിമയില്‍ സജീവമായി. ശ്രീരാമ പട്ടാഭിഷേകം ആയിരുന്നു ആദ്യ സിനിമ. 1964ല്‍ കുടുംബിനി എന്ന സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ടു. നാല് തവണ മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന പുരസ്‌കാരം നേടിയിരുന്നു. നിരവധി സിനിമകളില്‍ ഗായികയായും തിളങ്ങിയിരുന്നു.

തിരുവല്ലക്കടുത്ത് കവിയൂരില്‍ ടി.പി ദാമോദരന്റെയും ഗൗരിയുടെയും മൂത്തമകളായാണ് ജനിച്ചത്. നടി കവിയൂര്‍ രേണുക ഉള്‍പെടെ ആറ് സഹോദരങ്ങളുണ്ട്. ബാല്യത്തില്‍ തന്നെ പാട്ടുപാടി അരങ്ങിലെത്തി. തോപ്പില്‍ ഭാസിയുടെ മൂലധനത്തിലൂടെ പതിനാലാം വയസ്സില്‍ നാടകങ്ങളില്‍ സജീവമായി. കുടുംബിനിയില്‍ രണ്ട് കുട്ടികളുടെ അമ്മയായി സിനിമയില്‍ തുടക്കമിടുമ്പോള്‍ പ്രായം 19 വയസായിരുന്നു. ആറ് പതിറ്റാണ്ട് സിനിമയില്‍ തിളങ്ങിയ അവര്‍ മലയാളസിനിമയുടെ അമ്മ മുഖമായിരുന്നു. സത്യന്‍, മധു തുടങ്ങി തന്നേക്കാള്‍ പ്രായം കൂടിയ താരങ്ങളുടെ മുതല്‍ മമ്മുട്ടി, മോഹന്‍ലാല്‍ തുടങ്ങി പിന്നീടുള്ള തലമുറയിലെ നായകന്മാരുടെയും അമ്മയായി വേഷമിട്ടു. നിര്‍മാതാവും സംവിധായകനുമായ മണിസ്വാമിയെ 1969ല്‍ വിവാഹം കഴിച്ചു. ഏകമകള്‍ ബിന്ദു കുടുംബസമേതം അമേരിക്കയിലാണ് താമസം.

Leave a Reply

Your email address will not be published. Required fields are marked *