അരുത് ഈ യാത്ര, ജീവന്‍ ഏറെ വിലപ്പെട്ടതാണ്; കഴിഞ്ഞ ദിവസം ഒരു വയോധികന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

പാലക്കുന്ന് : ട്രെയിന്‍ വരുന്നുണ്ടെന്ന സൂചന നല്‍കി ഗേറ്റ് അടക്കുന്നുണ്ടെങ്കിലും അത് വാഹനങ്ങള്‍ക്ക് മാത്രമല്ലേ ബാധകം എന്ന പോലെയാണ് കാല്‍നടയാത്രക്കാരുടെ പാളം കടക്കാനുള്ള തിടുക്കം. ഗേറ്റ് അടഞ്ഞിരിക്കുമ്പോള്‍ അപ്പുറം കടക്കാന്‍ വേണ്ടിയാണ് കോട്ടിക്കുളം റെയില്‍വേ സ്റ്റേഷനില്‍ സുരക്ഷിതമായ മേല്‍നടപ്പാത റെയില്‍വേ ഒരുക്കിയിട്ടുള്ളത്. പ്ലാറ്റ്‌ഫോമില്‍ കാലെടുത്തു വെക്കാതെ തന്നെ ഇരു ഭാഗത്തെ റോഡുകളിലും എത്താവുന്ന രീതിയിലാണ് ഈ നടപ്പാതയുടെ നിര്‍മാണം . നടപ്പാതയിലെത്താനുള്ള പടികള്‍ കയറാനുള്ള ബുദ്ധിമുട്ടും ഏതാനും മിനിറ്റുകളുടെ സമയം ലാഭിക്കാമെന്ന തിടുക്കവും മൂലം പലരും ഈ പാത ഉപയോഗിക്കുവാന്‍ മടികാണിക്കുകയാണ്.
പ്ലാറ്റ്‌ഫോമിനെ രണ്ടായി മുറിച്ചു പോകുന്ന റോഡിലെ റെയില്‍പ്പാളത്തിലൂടെ ഏത് നിമിഷവും തെക്കുനിന്നും വടക്കുനിന്നും ട്രൈനുകള്‍ വന്നേക്കുമെന്നതിനേക്കാള്‍ പലരുടെയും ചിന്ത എത്രയും വേഗം അപ്പുറം കടക്കണമെന്നതാണ്.ട്രെയിന്‍ സ്റ്റേഷന്റെ ഒരറ്റത്ത് കണ്ടാല്‍ പോലും പാളം കടക്കാന്‍ ധൃതി കാണിക്കുന്നവര്‍ ഏറെയുണ്ടെന്നാണ് സ്റ്റേഷന്‍ മാസ്റ്റര്‍ പറയുന്നത്. ഇവിടെ സ്റ്റോപ്പില്ലാത്ത വണ്ടികള്‍ 30 സെക്കന്റ് കൊണ്ട് സ്റ്റേഷന്‍ പാസ്സാകുമെങ്കിലും അത്ര സമയം പോലും ക്ഷമിക്കാനാവാത്തവര്‍ ഉണ്ടത്രേ. ഗേറ്റ് അടഞ്ഞാല്‍ ട്രെയിന്‍ വരാറായി എന്നതിന്റെ സൂചനയാണത്. അപ്പോള്‍ അപ്പുറം എത്താന്‍ റെയില്‍വേ ഒരുക്കിയ സംവിധാനമാണ് മേല്‍ നടപ്പാത. അത് ഉപയോഗിച്ചാല്‍ തീരുന്ന പ്രശ്‌നമേയുള്ളൂ. ലവല്‍ ക്രോസുകളിലൂടെ പാളം കടക്കുന്നത് റയില്‍വേ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. നഷ്ടപരിഹാരത്തെ പറ്റി ചിന്തിക്കേവേണ്ട.

വായോധികന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

തൊട്ടപ്പുറം കാഞ്ഞങ്ങാട് പാളം കടക്കുന്നതിനിടെ മൂന്ന് പേര്‍ മരണപ്പെട്ടിട്ടും പാളം കടക്കുന്നതിലെ അപകട ഗൗരവം ഉള്‍ക്കൊള്ളാന്‍ പലര്‍ക്കും ആവുന്നില്ല. കോട്ടിക്കുളം റയില്‍വേ സ്റ്റേഷനില്‍ കഴിഞ്ഞ ദിവസം ഒരു വയോധികന്‍ രക്ഷപ്പെട്ടത് റെയില്‍വേ ജീവനക്കാരന്റെ സമയോചിത ഇടപെടലിനെ തുടര്‍ന്നാണ്. ഇരു ഭാഗത്തു നിന്നും അതിവേഗ ട്രൈനുകള്‍ ഒരേ സമയം കോട്ടിക്കുളം റെയില്‍വേ സ്റ്റേഷന്‍ കടക്കുന്ന നേരമാണ് വായോധികന്റെ പാളം കടക്കാനുള്ള ശ്രമം ജീവനക്കാരന്റെ ശ്രദ്ധയില്‍ പെട്ടത്. ഈ സ്റ്റേഷനില്‍ സ്റ്റോപ്പ് ഇല്ലാത്ത രണ്ടു വണ്ടികള്‍ ഒരേ സമയം തെക്കെട്ടേക്കും വടക്കോട്ടേക്കും ഓടുമ്പോള്‍ ഒന്നും രണ്ടും പ്ലാറ്റ്‌ഫോമിന്റെ മധ്യത്തിലെ മൂന്നാം നമ്പര്‍ ട്രാക്കില്‍ അകപ്പെട്ടയാളോട് അനങ്ങാതെ അവിടെ തന്നെ നില്‍ക്കാന്‍ ജീവനക്കാരന്‍ ജാഗ്രത നിര്‍ദേശം നല്‍കി. അല്ലായിരുന്നുവെങ്കില്‍ ട്രെയിന്‍ തട്ടി മരണപ്പെട്ടവരുടെ പട്ടികയില്‍ ഒരെണ്ണം കൂടി കോട്ടിക്കുളത്തിന്റെ പേരില്‍ കുറിക്കപ്പെട്ടേനെ.

അപകട സാധ്യത

കോട്ടിക്കുളത്ത് സ്റ്റോപ്പുള്ള വണ്ടികളില്‍ നിന്നിറങ്ങുന്ന യാത്രക്കാരില്‍ റോഡിലേക്കെത്താന്‍ നടപ്പാലം ഉപയോഗിക്കുന്നവര്‍ കുറവാണ്. ഇടം വലം നോക്കാതെ പാളം കടന്ന് എളുപ്പ വഴിയിലൂടെ അപ്പുറം എത്താനാണ് ശ്രമം. മറ്റേ ട്രാക്കിലൂടെ വണ്ടി വരുന്നുണ്ടോ എന്നത് പോലും പലരുടെയും വിഷയമേ അല്ലാത്ത പോലെ . മൊബൈലില്‍ സംസാരിച്ച് പാളം കടക്കുന്ന വിദ്യാര്‍ത്ഥികളും ചെറുപ്രായക്കാരുമടക്കമുള്ളവര്‍ അശ്രദ്ധയോടും ഏറെ ലാഘവത്തോടെയുമാണ് പാളം കടക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *