ലോക തീരദേശ ശുചീകരണ ദിനാചരണം: കടല്‍ത്തീരം വൃത്തിയാക്കി കേന്ദ്ര സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍

കാഞ്ഞങ്ങാട്: സ്വഛ്താ ഹി സേവ അഭിയാന്റെ ഭാഗമായി ലോക തീരദേശ ശുചീകരണ ദിനാചരണത്തോടനുബന്ധിച്ച് പുഞ്ചാവി കടല്‍ത്തീരം വൃത്തിയാക്കി കേരള കേന്ദ്ര സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍. ഇവര്‍ക്കൊപ്പം നാട്ടുകാരും സന്നദ്ധ പ്രവര്‍ത്തകരും കൈകോര്‍ത്തിറങ്ങിയപ്പോള്‍ നീക്കം ചെയ്യപ്പെട്ടത് ഏഴ് ക്വിന്റല്‍ മാലിന്യം. കേന്ദ്ര സര്‍വകലാശാലയിലെ എന്‍എസ്എസ് വിഭാഗം, കേന്ദ്ര ഭൗമ ശാസ്ത്ര മന്ത്രാലയത്തിന് കീഴിലുള്ള സെന്റര്‍ ഫോര്‍ മറൈന്‍ ലിവിംഗ് റിസോഴ്‌സസ് ആന്റ് എക്കോളജി (സിഎംഎല്‍ആര്‍ഇ), ശബരി ക്ലബ്ബ്, നീലേശ്വരം തീരദേശ പോലീസ് സ്റ്റേഷന്‍, സാഗര്‍ മിത്ര വൊളണ്ടിയേഴ്സ്, ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ എന്നിവര്‍ ഒരുമിച്ചിറങ്ങിയപ്പോള്‍ കടല്‍ത്തീരം ക്ലീനായി.
രാവിലെ ഏഴരയോടെ ആരംഭിച്ച ശുചീകരണം ഉച്ച വരെ നീണ്ടു. ചിതറിക്കിടന്ന പ്ലാസ്റ്റിക് മാലിന്യമുള്‍പ്പെടെ മണിക്കൂറുകളോളമെടുത്താണ് ശേഖരിച്ച് തരംതിരിച്ചത്. ഇവ ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിനായി മഹയൂബ ഇക്കോ സൊലൂഷന്‍സിന് കൈമാറി. രജിസ്ട്രാര്‍ ഡോ. എം. മുരളീധരന്‍ നമ്പ്യാര്‍ ഉദ്ഘാടനം ചെയ്തു. സബ് കളക്ടര്‍ പ്രതീക് ജെയിന്‍ ഐഎഎസ് മുഖ്യാതിഥിയായിരുന്നു. സിഎംഎല്‍ആര്‍ഇ സയന്റിസ്റ്റ് സി.ആര്‍. ആശ ദേവി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കേന്ദ്ര സര്‍വകലാശാല സ്വഛ്താ ഹി സേവ നോഡല്‍ ഓഫീസര്‍ പ്രൊഫ. മനു, ടെക്‌നിക്കല്‍ ഓഫിസര്‍ ഡോ. വി. സുധീഷ്, സിഎംഎല്‍ആര്‍ഇ സയന്റിസ്റ്റ് ഡോ. ബി.ആര്‍. സ്മിത, ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ അരുണേന്ദു, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ഇ. രതീഷ്, ശബരി ക്ലബ് സെക്രട്ടറി ബാബു, എന്‍എസ്എസ് വളണ്ടിയര്‍ വിഷ്ണു പ്രസാദ് എന്നിവര്‍ സംസാരിച്ചു. രമേശന്‍ നടുവിലിന്റെ നേതൃത്വത്തില്‍ കടല്‍ത്തീരത്ത് ശില്‍പവും ഒരുക്കി.

Leave a Reply

Your email address will not be published. Required fields are marked *